വെച്ചൂർ: കളഞ്ഞുകിട്ടിയ സ്വർണ ചെയിൻ ഉടമയ്ക്ക് തിരിച്ചുനൽകി വെച്ചൂർ സ്വദേശി വിശ്വംഭരൻ മാതൃകയായി. കഴിഞ്ഞ ദിവസമാണ് വെച്ചൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ വേണുവിന്റെ മകൾ കീർത്തിയുടെ അരപവൻ വരുന്ന സ്വർണ ചെയിൻ നഷ്ടമായത്. കല്ലറയിലെ ബാങ്കിൽ പോയി മടങ്ങുംവഴിയാണ് പെൺകുട്ടിക്ക് സ്വർണം നഷ്ടമായത്. പരിസരത്തെല്ലാം കുട്ടി തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല.
പിന്നീടാണ് പുത്തൻപാലം-വല്യമംഗലം റോഡിൽനിന്നു വിശ്വംഭരന് സ്വർണ ചെയിൻ ലഭിക്കുന്നത്. സ്വർണം കളഞ്ഞുകിട്ടിയ വിവരം മകൻ വികാസിനോടാണ് അദ്ദേഹം ആദ്യം പറഞ്ഞത്. ഇരുവരും ചേർന്ന് വാർഡ് മെംബറെ വിവരം അറിയിക്കുകയായിരുന്നു. മെംബറുടെയും നാട്ടുകാരുടെയും സഹായത്താലാണ് ഉടമയെ കണ്ടെത്തി സ്വർണം തിരികെ നൽകിയത്.